Wednesday, January 18, 2017

ഗീവർഗീസു പുണ്യാളൻ

ഗീവർഗീസു പുണ്യാളൻ

"കണ്ടാ... ഇതാണ് ഗീവർഗീസു പുണ്യാളൻ."

ചുമരിൽ തൂക്കിയിട്ടിരുന്ന ഫ്രെയിം ചെയ്ത പുണ്യാളന്റെ രൂപത്തിൽ തുറിച്ച് നോക്കി കൊണ്ടിരുന്ന ഇവാവ യോട് അപ്പാപ്പൻ പറഞ്ഞു കൊടുത്തു.

"ഗീറ് വറ്ഗീശു പുണ്യാളനാ..?"  ഇവാവ അത്ഭുതപ്പെട്ടു.

പുതുപ്പള്ളിയിൽ ചേച്ചിയുടെ വീട്ടിൽ ചെന്നപ്പോളാണ് ചുമരിൽ തൂക്കിയ പുണ്യാളന്റെ വർണശബളവും ഗാംഭീര്യവും തുളുമ്പി നിന്ന രൂപം ( ഫോട്ടോ ഫ്രെയിം) നോക്കി ഇവാവ അന്തം വിട്ട് നിന്നത്.  പോരുന്നത് വരെ  കൊച്ച് പുണ്യാളന്റെ രൂപത്തിൽ കണ്ണു തുറപ്പിച്ച്‌ നോക്കി നിന്നു.

''പപ്പേ. എനിച്ച് അതു പോലത്തേ ഒരു ഗീറ് വർഗീശു പുണ്യാളനെ മേടിച്ചു തരോ? " മടങ്ങി പോരാൻ നേരം കാറിലിരുന്നു ഇവാവ ചോദിച്ചു.

" പിന്നേ... ഇനി അങ്ങേരുടെ ഒരു കുറവേ ഒള്ളൂ.  അല്ലെങ്കി തന്നെ മാതാവിനേം യൂദാശ്ലീഹാനേം തട്ടീട്ട് വീട്ടില് നടക്കാൻ വയ്യ. മര്യാദക്ക് മിണ്ടാതിരുന്നോളണം." ഞാൻ കണ്ണുരുട്ടി.

ആദ്യമൊക്കെ പത്ത് മിനുട്ടുകൊണ്ട് തീരേണ്ട സന്ധ്യാപ്രാർത്ഥന ഇപ്പോ ഓരോ പുണ്യാളൻമാർക്കുള്ള ജപം കൂടി കൂട്ടി നീളം കൂടി കൂടി വരുവാ.. അതിന്റെ ഇടക്കാ ഇനി പുതിയൊരു രൂപം കൂടി.

"അല്ലേലും നിനക്ക് പ്രാർത്ഥ നേം ഭക്ത്തീം ഒന്നും ഇല്ലല്ലോ .."   ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വിട്ടു പോയാലും നമ്മളെ കുറ്റം പറയാൻ കിട്ടുന്ന ഒരു അവസരവും അപ്പൻ  വിട്ടു കളയാറില്ല.

" ഇവാവക്ക്  അപ്പാപ്പൻ മേടിച്ച് തരാട്ടാ ഗീവർഗീസ് പുണ്യാളന്റെ രൂപം''.

പിറ്റേന്ന് വൈകീട്ട് ഓഫീസിൽ നിന്നു വരുമ്പോൾ വീട്ടിൽ കയറുന്നതിന് മുമ്പേ വഴിയിൽ വച്ച് തന്നെ കേട്ടു ഇവാ കൊച്ച്  പ്രാർത്ഥന എത്തിക്കുന്ന ശബ്ദം. തൊണ്ട പൊട്ടിച്ച് അലറിയാണ് പ്രാർത്ഥന. ഇതെന്തു പറ്റി .. സാധാരണ പ്രാർത്ഥന എത്തിക്കുമ്പോൾ തന്റെ ഇഷ്ട കഥാപാത്രങ്ങളായ ജൂറാസിക് പാർക്ക് ഫെയിം ദിനോസറുകളെ വച്ച് കളിക്കലാണ് സാധാരണ പരിപാടി. അപ്പാപ്പൻ വടി കൊണ്ടുവന്ന് പേടിപ്പിക്കുകയോ ലിൻഡ മിഠായി കൊണ്ട് വന്നു പ്രലോഭിപ്പിക്കുകയോ ചെയ്താ ഒരു "സ്വർഗസ്ഥനായ പിതാവ്...' അല്ലെങ്കിൽ ഒരു " നന്മ നിറഞ്ഞ മറിയം.  " അതും സ്റ്റെതസ്കോപ്പ് വച്ച് നോക്കിയാൽ മാത്രം കേൾക്കാവുന്നത്ര ശബ്ദത്തിൽ. ആ കൊച്ചാണ് കോളാമ്പി സ്പീക്കർ പോലെ നിന്ന് കാറുന്നത്.

" പപ്പേ... ദേ കണ്ടാ അപ്പാപ്പൻ എനിച്ചു മേടിച്ച് തന്ന ഗീറ് വറുഗീശ് പുണ്യാളന്റെ ഫോട്ടോ".  മുമ്പിലിരുന്ന രൂപം കാണിച്ചു ഇവ പറഞ്ഞു.

അപ്പോ അതിന്റെ എഫക്റ്റ് ആണു നേരത്തേ കേട്ടത്.

മുട്ടുകുത്തി പ്രാർത്ഥിക്കൽ,  പുണ്യാളന്റെ രൂപം മുത്തിക്കൽ.. സ്തുതി കൊടുക്കൽ.. അങ്ങനെ പതിവില്ലാത്ത പല കലാരൂപങ്ങളും അന്ന് അരങ്ങേറി.

" കണ്ടോടാ... പുണ്യാളന്റെ ഒരു ശക്തി. കൊച്ചിന് എന്താ ഒരു ഭക്തി. അല്ലെങ്കി  പ്രാർത്ഥനാന്ന്  കേട്ടാ കളിക്കാൻ ഓടണ കൊച്ചാ." രൂപം മേടിച്ച് കൊടുത്ത് കൊച്ചിനെ നന്നാക്കിയ ചാരിതാർത്ഥ്യത്തിലാണ് അപ്പാപ്പൻ.

" 'ഗീവർഗ്ഗീസു പുണ്യാളാ .. ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേന്ന്.. ' കൊച്ചും അപ്പാപ്പനും കൂടി നൂറു പ്രാവശ്യാ ചൊല്ലീത്. " അപ്പാപ്പൻ കൊച്ചിനെ നന്നാക്കിയ ചാരിതാർത്ഥം അമ്മാമ്മക്കും.

സംഭവം ശരിയാണ്.  പുണ്യാളനെ കൊച്ചിനങ്ങ് ബോധിച്ച ലക്ഷണമാണ്.

"ഗീറ് വറുഗീശു  പുണ്യാളനെ കാണാൻ നല്ല ഭം ഗീണ്ട്.. അല്ലേ അപ്പാപ്പാ .. "

കൊച്ച് രൂപത്തിൽ മുത്തുന്നു... അപ്പാപ്പനെ തൊട്ട് മുത്തിക്കുന്നു.... പുണ്യാളന് മിഠായി കൊടുക്കുന്നു.... അങ്ങനെ കൊച്ചും അപ്പാപ്പനം പിന്നെ പുണ്യാളനും അങ്ങ് കത്തി കയറുകയാണ്.

" കണ്ടോടാ.. വല്ല പട്ടീനേം പൂച്ചേനേം ദിനോസറിനേം വച്ച് കളിച്ചോണ്ടിരുന്ന കൊച്ച് ഇപ്പോ പുണ്യാളന്റെ രൂപം വച്ച് കളിക്കന്നത്. പിള്ളേർക്ക് മേടിച്ച് കൊടുക്കണ സാധനങ്ങള് അതിന്റെ അപ്പനും അമ്മയും ശ്രദ്ധിക്കണം. എന്നാലേ പിള്ളേരു നന്നാവൂ. "

" ഇവാവക്ക് സന്തോഷായില്ലേ.. ഗീവറുഗീസു പുണ്യാളന്റെ പടം ഇഷ്ടായോ..?"
കൈയ്യിലിരുന്ന പുണ്യാളന്റെ രൂപത്തിൽ കണ്ണു തുറുപ്പിച്ച് നോക്കിയിരുന്ന ഇവാവയോട്കിടക്കാൻ നേരം അപ്പാപ്പൻ ഒന്നുകൂടി ചോദിച്ചു.

"ഇഷ്ത്തായി... പക്ഷേ ... അപ്പാപ്പാ.. "

"എന്താ ''

" ഈ കുതിരപ്പുറത്ത് ഇരിക്കണ ആളെന്തിനാ,  എന്റെ ഗീറ് വറുഗീശ് പുണ്യാളന്റെ വായേല് കുന്തം കൊണ്ട് കുത്തണത്..?  അയ്യാളെ എനിക്കിഷ്ട്ടാല്ലാ.."

പൊതുവേ ഒരു ജൂറാസിക് ഫാൻ ആയ ഇവാവയുടെ ചോദ്യം കേട്ട് അപ്പാപ്പന്റെ വായ പുണ്യാളന്റെ കുത്തു കൊണ്ട സർപ്പത്തിന്റെ വായ പോലെ പിളർന്നു പോയി.

ന്റെ പുണ്യാളാ.. നിന്നെ നീ തന്നെ കാത്തോളണേ.

                                - ഡാർവിനിസം
https://m.facebook.com/darvinisam/

Friday, October 7, 2016

അമ്മ മതിൽ

അമ്മയും മക്കളും തമ്മിലുള്ള സ്നേഹത്തിൽ എന്നും അയ്യാൾ ഒറ്റപ്പെട്ടു പോകാറായിരുന്നു പതിവ്. മക്കളുടെ സ്നേഹം നിറഞ്ഞ് അമ്മയുടെ പാത്രത്തിൽ നിന്നും  തുളുമ്പി താഴെ വീഴുന്ന വെള്ളം മാത്രമാണ് അയ്യാൾക്ക് കിട്ടി കൊണ്ടിരുന്നത്.

അയ്യാളും അയ്യാളുടെ അമ്മയും ചേർന്ന് വരച്ച സ്നേഹ വട്ടത്തിൽ അയ്യാളുടെ അച്ഛനും ഉണ്ടായിരുന്നില്ല .

ഒടുവിൽ മനസ്സു കല്ലാക്കി വീടുവിട്ടിറങ്ങുമ്പോൾ അച്ഛൻ തിരിഞ്ഞു നോക്കിയത് പോലും അയ്യാൾ കണ്ടിരുന്നില്ല. ഒറ്റപ്പെടലിന്റെ  വേദനക്ക് അച്ഛൻ ഒരു മുഴം കയറു കൊണ്ട് മറുപടി പറഞ്ഞപ്പോളും അയ്യാളുടെ കണ്ണ് നിറഞ്ഞത് വിധവയായിപ്പോയ അമ്മക്ക് വേണ്ടി മാത്രമായിരുന്നു.

അച്ഛന്റെ ചരിത്രം ആവർത്തിക്കപ്പെടുമോ എന്ന ഭയം അയ്യാളെ മദിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.

ഒടുവിൽ ഒരു പിച്ചാത്തി പിടിയിൽ അയ്യാളുടെ ഭാര്യ കിടന്ന് പിടയുമ്പോൾ അവൾക്കറിയില്ലായിരുന്നു എന്തായിരുന്നു അവൾ ചെയ്ത തെറ്റ് എന്ന്. എങ്കിലും തന്റേയും മക്കളുടേയും ഇടയിലുള്ള അമ്മ എന്ന മതിൽ തകർത്ത ആശ്വാസമായിരുന്നു അപ്പോൾ അയ്യാൾക്ക്. ഭ്രാന്തമായ ഒരു ആശ്വാസം ..!

                                         - ഡാർവിനിസം
https://m.facebook.com/darvinisam/

Wednesday, October 5, 2016

പേര്.

ഒരു പാട് അന്വഷിച്ചു നടന്നിട്ടാ ഓഫീസിന് അടുത്ത് ടോമി ചേട്ടൻ ഒരു വീടു വാങ്ങിയത്. താമസം തുടങ്ങിയിട്ടു മാസം ഒന്ന് കഴിഞ്ഞപ്പോളേക്കും  കിട്ടിയ കാശിന് വീട്  വിറ്റുതുലച്ചു പഹയൻ . അടുത്ത വീട്ടിലെ പട്ടിക്കും പേര് ടോമിന്ന് തന്നെ ആണത്രേ...! "ടോമീ... ഭൗ... ഭൗ... " ന്ന് കാലത്തും ഉച്ചക്കും വൈകീട്ടും നീട്ടി ഒരു വിളി ഉണ്ട് അവിടത്തെ പെണ്ണുമ്പിള്ളക്ക്. ടോമിക്ക്  ചോറു കൊടുക്കാൻ.  അവരുടെ പട്ടീടെ പേരു മാറ്റാൻ പറയാൻ പറ്റോ ..? അവരു സമ്മതിച്ചാ തന്നെ പട്ടി സമ്മതിക്കോ..? കേന്ദ്ര മന്ത്രി സഭയിൽ വരെ പട്ടികൾക്ക് പിടിപാടുള്ള കാലമായിപ്പോയില്ലേ..!

പഞ്ചായത്ത് പ്രസിഡന്റ് പപ്പൻ ചേട്ടനെ എല്ലാവരും സ്നേഹത്തോടെ  "പപ്പേട്ടാ.. " എന്നാ വിളിക്കുന്നത്. പക്ഷേ സ്വന്തം മക്കൾ മാത്രം " പപ്പാ '' എന്നാണ് വിളിക്കുന്നതത്രെ....! പിള്ളേരൊക്കെ മോഡേണായി പോയി... പപ്പാ.. മമ്മി എന്നൊക്കെ വിളിച്ചാലെ ഒരു വിലയൊള്ളൂ പോലും.  എന്നാ ഡാഡി എന്നു വിളിച്ചാ പോരായിരുന്നോ.. വെറുതേ നാട്ടാരെ കൊണ്ട് പറയിക്കാൻ.

ഭവാനിയമ്മ ചേച്ചിയുടെ ചെറുപ്പത്തിലെ പേരും ഭവാനി "യമ്മ " എന്നു തന്നെ ആയിരുന്നു പോലും..! ഭവാനിയമ്മ യുടെ ചെറുപ്പത്തിൽ അച്ഛനും അമ്മയും അവരെ മടിയിലിരുത്തി "ഭവാനിയമ്മ വാവേ ...! '' എന്ന് വിളിച്ച് കൊഞ്ചിച്ചിട്ടുണ്ടാകണം. എന്നാലും ഒരു കുഞ്ഞു കൊച്ചിന്റെ  മുഖത്ത് നോക്കി ഭവാനിയമ്മ എന്ന് പേരിടാൻ തോന്നിയ അവരെ സമ്മതിക്കണം. 

ഇപ്പോഴത്തേ ജയ്മോനും ബാബു മോനും കുറച്ച് കാലം കഴിഞ്ഞ് ഉണ്ടായേക്കാവുന്ന പേര കുട്ടികളെ കാത്തിരിക്കുന്നത് മറ്റൊരു ഗതികേടാണ്. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കിഴവനേയും "ബാബുമോൻ അപ്പൂപ്പൻ " എന്ന് വിളിക്കേണ്ടി വരും.
" എന്നെ ജയ്മോൻ അപ്പാപ്പൻ എടുത്താ മതി" എന്ന് വാശി പിടിക്കുന്ന പേരക്കിടാങ്ങളുടെ ദീനരോദനം മാറ്റൊലി കൊള്ളുന്നത്  ഇരുപത് വർഷത്തിനിപ്പറമിരുന്നു ചെവി യോർത്താൽ കേൾക്കാം.

പതിനാറ് സ്ഥലത്തെങ്കിലും പെണ്ണു കാണാൻ പോയിട്ടാണ് പോളി ചേട്ടന് മനസ്സിന് ഇണങ്ങിയ ഒരു പെണ്ണിനെ കണ്ട് കിട്ടിയത്. പക്ഷേ.. പെണ്ണിന്റെ പേരും "പോളീ " ന്നാത്രേ.....!

എല്ലാവരും പേടിയോടെ "സാറേ " എന്ന് മാത്രം വിളിക്കുന്ന സ്ഥലം എസ്.ഐ, ഇടിയൻ അലക്സാണ്ടർ സാർ  കല്യാണം കഴിച്ചത് ഒരു കോട്ടയംകാരി സാറ ചേച്ചിയെ .   വീട്ടിൽ ചെന്നാൽ  ഭാര്യയെ , "സാറേ"  എന്ന് വിളിക്കേണ്ട ഗതികേടിലായില്ലായി ഇപ്പോൾ എസ് . ഐ സാർ...!  ഭാര്യയുടെ ഫോൺ വന്നാൽ "എന്താ സാറേ.. " എന്ന് ചോദിക്കുന്നത് കേട്ട് കോൺസ്റ്റബിൾമാർ പോലും ആരും കാണാതെ ചിരിക്കുന്നുണ്ടെന്നാണ് സംസാരം.

കാണാൻ മൊഞ്ചത്തി... ബാപ്പേടെ കയ്യില് പൂത്ത കാശ് ... എന്നിട്ടും നിക്കാഹ് നടക്കണില്ല... പേര് ഷക്കീലാന്നായി പോയില്ലേ...!

അടുത്ത വീട്ടിലെ കൊച്ചിന് ഇടാൻ നല്ല പേര് വല്ലതും  ഉണ്ടോ എന്ന് ചോദിച്ചു. അയിനാണ്.

                                      - ഡാർവിനിസം
https://m.facebook.com/darvinisam/

Sunday, September 11, 2016

മദ്യവർജ്ജനം ആരോഗ്യത്തിന് ഹാനികരം

മദ്യവർജ്ജനം ആരോഗ്യത്തിന് ഹാനികരം
----------------------------------------------
ഓഫീസിൽ ഒരു ഉണ്ണി സാറുണ്ട്.സുന്ദരൻ, സുമുഖൻ, പ്രസന്നവദനൻ, കോകില'വാണൻ', ചടുല പ്രജ്ഞൻ, കഠിന പ്രയത്നൻ, അതിസമ്പന്നൻ...

പിന്നെ കുറച്ച് ഷുഗറൻ, കൊളസ്ട്രോളൻ, ഭയങ്കര പ്രെഷറൻ...!

അച്ഛൻ പട്ടാളത്തിലായത് കൊണ്ട് കൃത്യനിഷ്ഠക്ക് കുറച്ച് കടുപ്പം കൂടുതലാണ്. ഒരിക്കൽ മൂത്രമൊഴിക്കാൻ പോയപ്പോൾ മേശപ്പുറത്ത് വച്ചിരുന്ന കൃത്യനിഷ്ഠയുടെ "O"  ഉരുണ്ട് വീണ് അടുത്തിരുന്ന സനൂജ മേഡത്തിന്റെ കാലിൽ ആറാഴ്ചത്തേക്ക് പ്ലാസ്റ്റർ ഇടേണ്ടി വന്നു...

കൃത്യം ഒമ്പത് മണിക്ക് ഓഫീസിൽ ഹാജരാകുന്ന ദേഹം , പകൽ മുഴുവൻ മസ്തിഷ്കം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിച്ച്, ഒദ്യോഗിക കർമ്മങ്ങൾ നിർവ്വഹിച്ചതിന് ശേഷം വൈകീട്ട് കൃത്യം ആറ് മണിക്ക് ഔട്ട് ആകും. ഇതിനിടയിൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാനും മൂത്രമൊഴിക്കാനും ചോറുണ്ണാനും പോകും.  ഇങ്ങേരുടെ കൃത്യസമയത്തുള്ള ഈ പോക്ക് കണ്ടിട്ടാണ് ഓഫീസ് സെർവ്വറുകളിൽ ടൈം അപ്ഡേഷൻ വരെ ചെയ്യുന്നത്.

ആകെ ഒരു പ്രശ്നമേ ആൾക്ക് ഒള്ളൂ.. കൃത്യം ആറ് മണിക്ക് ഓഫീസിൽ നിന്ന് ഔട്ട് ആകുന്ന ആൾ കൃത്യം ആറേകാലിന് അടുത്തുള്ള ഒരു ബാറിൽ 'ഇൻ' ആകും. കൃത്യം മൂന്ന് പെഗ്ഗടിച്ചിട്ട് കൃത്യം ഏഴ്മണിക്ക് അവിടന്നും ഔട്ട് ആകും. 

രണ്ടെണ്ണം വിട്ടിട്ട് കാറോടിച്ച് പോകുന്ന വഴിക്ക് മിക്ക ദിവസവും പോലീസ് ചെക്കിങ് ഉണ്ടെങ്കിലും ഇത് വരെ ഉണ്ണി സാറിന്റെ വണ്ടി തടയുകയോ.. സാറിനേ ഊതിക്കുകയോ ഉണ്ടായിട്ടില്ലത്രേ..!

കൃത്യം എട്ട് മണിക്ക് വീട്ടിൽ ചെല്ലും എന്നത് കൊണ്ട് ഭാര്യക്കും വെള്ളമടിയെ പറ്റി പരാതിയില്ലാ.

സുഖം സന്തോഷം.

"എന്നാലും അങ്ങനെ അല്ലല്ലോ സാറേ .. മദ്യപാനം എന്തായാലും ഒരു ദുശ്ശീലമാണല്ലോ.?"

ഫ്രീ ആയിട്ട്  കൊടുക്കാവുന്ന സാധനമായത് കൊണ്ട്  ഉപദേശം വാരി  കോരിയിട്ടു കൊടുക്കുന്നത്  പണ്ടേ എന്റെ ശീലമാണ്. എന്റെ അപ്പനും ഒരു പേരുകേട്ട ഒരു " ഉപദേശി'' ആണ്. അങ്ങേരു ഉപദേശിച്ചതിൽ ഞാൻ മാത്രമേ നാന്നാവാതെ ഒള്ളൂ എന്നാണ് അങ്ങേരുടെ ആത്മഗതം...!

നമുക്ക് ഉണ്ണി സാറിലേക്ക് വരാം.

"സാറിന്റെ കരളിന്റെ കരളായ ഭാര്യക്ക് പ്രശ്നമില്ലായിരിക്കാം.. പക്ഷേ സാറിന്റെ ഒറിജിനൽ കരളിന്റെ കാര്യം കൂടി പരിഗണിക്കണ്ടേ..?"

മദ്യപാനം അടിമത്തമാണെന്നും, രാജാവിന്റെ കയ്യിൽ നിന്ന് പട്ടും വളയും മേടിച്ച പാരമ്പര്യമുള്ള കുടുംബത്തിലെ സാറിനേ പോലെ ഉള്ളവർ ഇങ്ങനേ അടിമയായി ജീവിക്കുന്നത് കാണുമ്പോളുള്ള ദുഖം കൊണ്ടാണെന്നു പറഞ്ഞ് സീൻ സെന്റി ആക്കിയപ്പോ ആള് ഫ്ലാറ്റ് ആയി. അവസാനം ഒരു ദിവസം പെഗ്ഗടിക്കാതെ  ജീവിച്ച് അതിന്റെ സുഖവും സമാധാനവും സ്വാതന്ത്ര്യവും അനുഭവിച്ചറിയാനുള്ള എന്റെ ആഹ്വാനം ശിരസാ വഹിച്ചു ടിയാൻ.

സ്ഥിരം അടിക്കുന്ന സമയത്ത് വായിൽ ഒരു തരം പ്രലോഭന തരംഗങ്ങൾ ഉണ്ടായേക്കും. ആ സമയത്ത് വായിൽ ഇട്ട് ചവക്കാനായി കുറച്ച് ഗ്യാസ് മിട്ടായിയും ഞാൻ തന്നെ മേടിച്ചു കൊടുത്തു. എന്നിട്ടും പിടിച്ച് നിക്കാൻ പറ്റിയില്ലെങ്കിൽ വായിൽ അടിക്കാൻ ഒരു മൗത്ത് റിഫ്രെഷ് മെന്റ് സ്പ്രേയും. 

അന്ന് വൈകീട്ട് ഓഫീസിൽ നിന്ന് ഒരു മണിക്കൂർ വൈകിയാണ് ഇറങ്ങിയത്, ഏത് .. ബാറിൽ പോകണ്ടാലോ ...
ഇറങ്ങാൻ നേരത്ത് ഒരു ഗ്യാസ് മിട്ടായി വായിൽ തള്ളി കയറ്റി വച്ചിട്ടേ ഞാൻ വിട്ടോളൂ.

വായിൽ നിറച്ച് ഗ്യാസുമിട്ടായീം കൊണ്ട് സാർ കാറിൽ കയറി പോകുന്നത് നോക്കി നിന്ന എന്റെ മനസ്സിൽ സന്തോഷം നിറഞ്ഞ് കുമിഞ്ഞ് ഞാൻ ഒരു സന്തോഷ് മാധവനായി.

ബാറിനടുത്തെത്തിയപ്പോൾ സാറിന് ഉണ്ടായ പ്രലോഭനത്തെ നേരിടാൻ ഞാൻ പറഞ്ഞു കൊടുത്ത പോലെ വായ മരവിക്കുന്നത് വരെ മൗത്ത് സ്പ്രേ അടിച്ചു.

"ഇന്ന് പോലീസ് ചെക്കിങ് ഒന്നും ഇല്ലേ..?"
കുടയെടുക്കുന്ന അന്ന്  'എന്താ ഇന്ന് മഴയില്ലാത്തെ'  എന്ന് നമുക്ക് തോന്നാറുള്ള ഒരു ഇത് ഉണ്ടല്ലോ.. അത് തന്നെ.

സാധാരണ പോലീസിനെ കാണുമ്പോൾ പതുങ്ങി മാത്രം വണ്ടി ഓടിച്ചിരുന്ന ഉണ്ണി  സാർ ഇന്ന് റോഡ് നിറഞ്ഞ് ആണ് വണ്ടി ഓടിക്കുന്നത് .

കുറച്ചങ്ങ് നീങ്ങിയതും  അതാ വളവിൽ പോലീസ്..!  വളവിൽ പതുങ്ങി നിന്ന് ആളെ പിടിക്കുന്ന കാര്യത്തിൽ കേരളത്തിൽ കള്ളൻമാർക്ക് രണ്ടാം  സ്ഥാനം മാത്രമേ  ഒളളൂ.

വെള്ളമടിക്കാത്തതിന്റെ പേരിൽ ആത്മവിശ്വാസം കൊടി മുടിയിൽ എത്തിയ ഉണ്ണി സാർ പൊലീസുകാരന്റെ ശ്രദ്ധ ആകർഷിക്കാൻ ഒന്നു ഹോണടിച്ചു നോക്കി. സംഗതി ഏറ്റൂ . ഇതേ വരെ സാറിന്റെ വണ്ടിക്ക് കൈകാണിക്കാത്ത പോലീസ് ഇന്നിതാ കൈ കാണിക്കുന്നു.

"പച്ചക്ക് പോകുന്ന ഞാൻ എന്തിന് പേടിക്കണം."  മദ്യപിക്കാത്ത തന്നെ ബുദ്ധിമുട്ടിച്ചതിന് പോലീസുകാർ തന്നോട് സോറി പറയുന്ന രംഗം ഒക്കെ സാർ  മനസ്സിൽ ആലോചിച്ചു കുളിരു കൊണ്ടു. കുളിരു കൂടി മൂക്കടപ്പായപ്പോളേ പിന്നെ ആ ആലോചന നിറുത്തിയൊള്ളു.

എന്നാലും പെട്ടെന്നുണ്ടായ ആവേശം മൂത്ത് പൊലീസുകാരന്റെ കൈയ്യിലിരുന്ന "ഊതൽ മെഷീൻ '' തട്ടിപ്പറിച്ച് നീളത്തിൽ ആഞ്ഞ് ഒരു ഊതൽ... !

" ബീപ് .. ബീപ്.''

ഗ്യാസുമിഠായിയുടേയും സ്പ്രേയുടേയും രൂക്ഷഗന്ധ മടിച്ച്, അത് വരെ കേടായി കിടന്നിരുന്ന മെഷീൻ  ഞെട്ടി എണീറ്റ് നിലവിളി തുടങ്ങി.

പൊലീസ് കാരൻ ഞെട്ടി. സാറ്  ഞെ ഞെട്ടി..!

" ഞാൻ അതിന് മദ്യപിച്ചിട്ടില്ല സാർ.. " പെട്ടെന്നുണ്ടായ ഷോക്കിൽ ഉണ്ണി സാർ വെട്ടി വിയർത്തു.

"ഇതൊക്കെ ഇപ്പോളത്തെ ഒരു നമ്പറാ.. മണം വരാതിരിക്കാൻ സ്പ്രേയും മിഠായും ഒക്കെ തിന്ന് കുറേ എണ്ണം ഇറങ്ങിക്കോളും."   കേടായ മെഷീൻ ശരിയായതോടൊപ്പം ഒരു ഇരയേയും കിട്ടിയപ്പോൾ  പോലീസുകാർക്ക് ഇരട്ടി സന്തോഷം.

"സാർ .. ഇന്നലെ വരെ എല്ലാ ദിവസവും ഞാൻ വെള്ളമടിച്ചാണ് സാർ ഇതിലേ പോയിരുന്നത്... പക്ഷേ സത്യമായും ഇന്ന് ഞാൻ മദ്യപിച്ചിട്ടില്ല സാർ.. ചിലപ്പോ ഈ മിഠായിലും സ്പ്രയിലും ഒക്കെ ഒള്ള കെമിക്കല് കാരണം ആയിരിക്കും ഈ.. ബീപ് "

" എന്നാ പിന്നെ ഇന്നത്തെ ഫൈൻ ഒഴിവാക്കീട്ട് ഇന്നലെ വരെ വെള്ളമടിച്ച് ഡ്രൈവ് ചെയ്ത് പോയതിന്റെ ഫൈൻ ആയിട്ട് ഒരു അയ്യായിരം രൂപ മേടിച്ചിട്ട് വിട്ടേക്കാം "

എങ്ങനെ ആയാലും പെട്ടു. 

ബ്ലഡ് പരിശോധിക്കാൻ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിക്ക് അവസാനം ഒരു പൊലീസുകാരനെ കുറച്ച് ഗ്യാസു മിഠായി തീറ്റിച്ച് മെഷീനിൽ ഊതിപ്പിച്ച് സ്വന്തം നിരപരാധിത്വം തെളിയിച്ചെങ്കിലും പോലീസുകാരെ ബുദ്ധിമുട്ടിപ്പിച്ചതിന്  കൂലിയായി  ആയിരം രൂപ കൊടുക്കേണ്ടി വന്നു. ഉണ്ണി സാറിന് കാശൊരു പ്രശ്നമല്ല.. അഭിമാനമാണ് വലുത്. നേരത്തേ പറഞ്ഞില്ലേ പട്ടും വളയും.. അതൊക്കെ വേണമെങ്കിൽ ഒന്നു കൂടി വായിച്ച് നോക്കിക്കോ.

സംഗതി അങ്ങനെ ഒക്കെ ആക്കി എങ്കിലും വീട്ടിലെത്തിയപ്പോഴേക്കും മണി പത്ത് കഴിഞ്ഞു.

പതിവെല്ലാം തെറ്റിയ ഉണ്ണി സാറിന്റെ ഒഴിഞ്ഞ  വയറ്റിൽ ഗ്യാസ് മിഠായിയുടെ പ്രവർത്തനം കൂടി ആയപ്പോ മുറ്റത്തൊരു ചെറു വാളും വച്ചു പോയി പാവം.

സാധാരണ പൂമുഖവാതിക്കൽ സ്നേഹം വിടർത്തി പൂത്തിങ്കളായി  നിൽക്കാറുള്ള ആളാണ് സാറിന്റെ ഭാര്യ. ഇന്നത്തെ നിൽപ്പ് പൂതിങ്കളല്ല...പൂ വെള്ളി ആണെന്ന് മുഖം കണ്ടാലറിയാം.

"കുടിച്ചിട്ടാണേലും കൃത്യസമയത്ത് വീട്ടിൽ വരുമല്ലോ എന്ന് കരുതിയാ ഇത്രയും നാൾ സഹിച്ചത്.. കുടിച്ചിട്ട് രാത്രി വല്ല സമയത്തും ഇങ്ങനെ വാളും വച്ച് കേറി വന്നാൽ, ഞാൻ വീട്ടീല് കേറ്റില്ല " എന്നും പറഞ്ഞ് വാതിലടച്ച് കുറ്റിയിട്ട് കളഞ്ഞു ഭാര്യ സരളാദേവീ...! 

കനത്ത ഹൃദയവും ഒഴിഞ്ഞ വയറുമായി ഉണ്ണി സാർ വരാന്തയിൽ ഇടം പിടിച്ചു.

"എങ്ങനെ ഉണ്ടായിരുന്നു സാർ മദ്യ രഹിത ദിവസത്തെ സ്വാതന്ത്ര്യവും സമാധാനവും" 
ഉറങ്ങുന്നതിന് മുമ്പ് സാറിന്റെ വിശേഷം ഒന്ന് അന്വേഷിച്ചേക്കാം എന്ന് കരുതി.

വരാന്തയിൽ തണുത്ത് വിറച്ച് കൊതുകുകടിയും കൊണ്ട്  വിശന്നു കിടന്ന ഉണ്ണി സാർ, സംസ്കൃതത്തിലെ എന്ന് തോന്നിപ്പിക്കുന്ന ചില ശ്ലോകങ്ങൾ  എന്നെ മലയാളത്തിൽ ചൊല്ലി കേൾപ്പിച്ചു. അതിനു ശേഷം മാത്രം നടന്നതൊക്കെ വിവരിച്ചു കേൾപ്പിച്ചു.

എല്ലാ ദിവസവും മദ്യപിച്ച് സമാധാനത്തോടെ.. സ്വസ്ഥമായി ജീവിച്ച് പോന്നിരുന്ന താൻ ഒരു ദിവസം മദ്യപിക്കാതിരുന്നപ്പോൾ  അനുഭവിക്കേണ്ടി വന്ന ദുര്യോഗങ്ങൾ വിവരിച്ച് പുള്ളി പൊട്ടിക്കരഞ്ഞു. ഉപദേശം കൊടുത്ത ഞാൻ അതൊക്കെ കേട്ട്  പൊട്ടാതെ കരഞ്ഞു.

വിഷമം തീർക്കാൻ, മുമ്പ് എപ്പഴോ മേടിച്ചു വച്ചിരുന്ന കുപ്പിയിൽ ലേശം  ബാക്കി ഇരുന്നത്  എടുത്ത് അടിച്ചു. എന്നിട്ട് ഭാര്യക്ക് സംശയം തോന്നാതിരിക്കാൻ ഒരു ഗ്യാസു മിഠായിയും എടുത്ത് വായിലിട്ടു.  അവളുടെ കൈയ്യിൽ ഊതിക്കാനുള്ള മെഷീൻ ഒന്നും ഇല്ലാത്തത് എന്റെ ഭാഗ്യം.!

                                      - ഡാർവിനിസം
https://m.facebook.com/darvinisam/

Sunday, August 28, 2016

മൊട്ടമണി- ആൻ അൺ ടോൾഡ് റാഗിങ്ങ്സ് റ്റോറി.

മൊട്ടമണി- ആൻ അൺ ടോൾഡ് റാഗിങ്ങ് സ്റ്റോറി.

എസ്. എസ്. എൽ. സി ക്ക് ബിരുദാനന്തര ബിരുദം നേടി, കോളേജിൽ ചേരാനുള്ള മോഹവുമായി ചെന്ന് പെട്ടത് ശ്രീ ശങ്കരാ കോളേജ് എന്ന വിശ്വവിഖ്യാതമായ കലാലയത്തിലായിരുന്നു.

മിക്കവാറും ദിവസങ്ങളിൽ, പ്രത്യേകിച്ച് ക്രിക്കറ്റ് മാച്ച് ഉള്ള ദിവസങ്ങളിൽ സമരം, ക്ലാസ്സിൽ വരാത്ത അധ്യാപകർ, അണിഞ്ഞൊരുങ്ങി വരുന്ന സുന്ദരികൾ, വായിൽ നോക്കാൻ വേണ്ടി മാത്രം ക്ലാസ്സിൽ കയറുന്ന ചെറുക്കൻമാർ, ക്ലാസ്സ് കട്ട് ചെയ്താലും അറ്റൻഡൻസ് രേഖപ്പെടുത്തുന്ന ചില്ല നല്ല ടീച്ചർമാർ., പ്രണയജോഡികൾക്ക് സല്ലപിക്കാൻ വേണ്ടത്ര കുറ്റിക്കാടുകൾ, തല്ലിന് തല്ല്.. കുത്തിന് കുത്ത്...

ഇതൊക്കെ മനസ്സിലിട്ട് താലോലിച്ച് ചവച്ചരച്ച് ആണ് ആദ്യ ദിവസം കോളേജിലേക്ക് പടികയറിയത്. ചെന്ന് കേറിയതും ഒരു സേട്ടൻ കൈകാട്ടി വിളിയോട് വിളി. ഹോട്ടലിന്റെ മുമ്പിൽ ഊണ് റെഡി എന്ന് പറഞ്ഞ് വിളിക്കണ പോലെ. പ്രവേശനോത്സവം ഒക്കെ കോളേജിലും തുടങ്ങിയോ എന്ന് വിചാരിച്ച് ഓടി ചെന്നതാ.... അപ്പോ പറയാ റാഗ് ചെയ്യാൻ വേണ്ടി വിളിച്ചതാന്ന്.. ദ്രോഹി...!

ഓടി പോയാൽ ഇഷ്ടിക കട്ടക്ക് എറിഞ്ഞ് വീഴ്ത്തും എന്ന ഭീഷണി കേട്ട് പേടിച്ചിട്ടൊന്നുമല്ല.. ഇതൊക്കെ കോളേജിലേ ഓരോരോ തമാശകളല്ലേ എന്ന് വിചാരിച്ച് ചേട്ടൻ കൈ കാണിച്ച ദിക്കിലേക്ക് നടന്നു.

സിനിമയിലൊക്കെ കാണുന്ന പോലെ ഏതെങ്കിലും പെമ്പിള്ളേരെ പ്രൊപ്പോസു ചെയ്യാനോ കെട്ടി പിടിക്കാനോ ഒക്കെ പറഞ്ഞാലോ എന്ന് കരുതി ആ രംഗങ്ങളൊക്കെ മനസ്സിൽ പ്ലേ ചെയ്ത് ഓടി ചെന്നു. പക്ഷേ അവിടെ ചെന്നപ്പോൾ ഉള്ള കാഴ്ചകളൊക്കെ കണ്ടപ്പോ  നേരത്തേ പ്ലേ ചെയ്ത രംഗങ്ങളുടെ ഡി.വി.ഡി ഒക്കെ പൊട്ടിത്തകർന്ന് താഴത്ത് വീണു. അതിൽ ചവിട്ടി കാല് പൊട്ടാതിരിക്കാൻ ഞാൻ ചാടി ചാടി അടുത്തേക്ക് ചെന്നു.  കുറച്ച് പേർ പ്ലേ ഗ്രൗണ്ടിന്റെ ഇങ്ങേ അറ്റം മുതൽ അങ്ങേ അറ്റം വരെ പേന കൊണ്ട് അളക്കുന്ന തിരക്കിലാണെങ്കിൽ.., മറ്റു ചിലർ  മൂക്ക് കൊണ്ട്  "ക്ഷ'' എന്ന് നിലത്തെഴുതുന്ന തത്ര പാടിലാണ്. ഒരുത്തനെ ചരലിൽ മുട്ടുകുത്തി പ്രാർത്ഥിക്കാൻ വിട്ടിട്ടുണ്ട്.

പുവർ ബോയ്സ്.. റാഗ് ചെയ്യാൻ വരുന്ന സീനിയേഴ്സിനെ സൈക്കോളജിക്കൽ ആയി അപ്രോച്ച് ചെയ്യാൻ അറിയാത്ത ചീള് പയ്യൻമാർ.... കോളേജിൽ പഠിക്കാൻ വന്നിരിക്കുന്നു... ഒരു രണ്ട് കിലോ പുച്ഛവും ഒന്നര കിലോ അവഞ്ജയും സ്പോട്ടിൽ തുപ്പിയിട്ടു.  എന്നിട്ട് മിസ്റ്റർ ഫ്രോയ്ഡ് സായിപ്പിനെ മനസ്സിൽ ധ്യാനിച്ച് പറഞ്ഞു.

"സേട്ടൻമാരെ ....റാഗ് ചെയ്യുന്നതൊക്കെ കൊള്ളാം... പക്ഷേ റാഗ് ചെയ്യപ്പെടുന്നവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് കൂടിയാകണം ഈ റാഗിങ് .. "

എന്തരോ..?

" അതായതുത്തമാ..... വല്ല പാട്ട് പാടിക്കലോ .. ഡാൻസ് കളിക്കലോ... പടം വരക്കലോ .. അങ്ങിനെ എന്തെങ്കിലും ഒക്കെ പോരെ." 

"ഓ.. എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ..അപ്പോ അനിയന് ഇപ്പോ ഇതിലേതാ ഐറ്റം...?   പാട്ട്?"

"ഓക്കെ."

"ഹേയ്.. എന്നാ അത് വേണ്ട ... ഡാൻസ്..?"

"തോം.. തോം... തോം..." ഞാൻ നാഗവല്ലിയുടെ രണ്ട് സ്റ്റെപ്പെടുത്തിട്ടു ...

അത് കണ്ട് രാമനാഥൻ എന്ന് പേരുള്ള ഒരുത്തൻ പേടിച്ച് ഓടിപ്പോയി സണ്ണിക്കുട്ടി എന്ന് പേരുള്ള ഒരുത്തനെ വിളിച്ച് കൊണ്ട് വന്നു..!

" ഹേയ്.. അപ്പൊ ഇതും വേണ്ട..  നീ പടം വരക്കോ ?"

സോറി.. ചേട്ടൻമാരെ അതു മാത്രം പറ്റില്ല."

" എന്നാ നീ പടം വെരച്ചാ മതീ... നിന്നേ കൊണ്ട് ഞങ്ങ  വരപ്പിച്ചോളാം. നീ ഞങ്ങളെ പഠിപ്പിക്കാൻ വന്നേക്കണൂ അല്ലേടാ ... മോനേ.!

"എന്ത് പടം വരക്കാനാ ചേട്ടാ... മട്ടത്രികോണ മോ ... സിലിണ്ടറോ... സർക്കിളോ ഒക്കെ ആണേൽ ഞാൻ ഇൻസ്ട്രുമെന്റ് ബോക്സ് കൊണ്ട്  വന്നിട്ടില്ലാട്ടാ.."

" നീ മട്ടത്രികോണം ഒന്നും വരക്കണ്ടാടാ...  നീ നിന്റെ മൊട്ടമണീടെ പടം വരച്ചാ മതീ.....!

"എന്തൂട്ടിന്റേ..?  മൊട്ട മണി....? വാട്ട് യൂ മീൻ ബൈ മൊട്ടമണി " ഞാൻ നിഷ്കളങ്കനായി അഭിനയിച്ചു നോക്കി.

"ടാ... ജോഷീ .. നീയാ സാധനം ന്തൂട്ടാ ന്ന് ഒന്ന് കാണിച്ചു കൊട്ത്തേ.. "

സംഗതി കൈവിട്ട് പോയി. അല്ലെങ്കിലും ഈ സായിപ്പ്മാരുടെ മനശാസ്ത്രമൊന്നും ഇൻഡ്യയിൽ ചിലവാകില്ല. പ്രത്യേകിച്ച് കേരളത്തിൽ... ഫ്രോയിഡിനെ പിടിച്ച് നിലത്തിട്ട് രണ്ട് ചവിട്ട് കൊടുത്തു.

" ധൃതി പിടിക്കണ്ടാ സാവധാനം വരച്ച് കളറൊക്കെ കൊട്ത്ത് നാളെ കൊണ്ടോന്നാ മതീന്ന് " ഒരു ഔദാര്യ പ്രഖ്യാപനം കൂടി നടന്നു.

"ബൈ ദ വേ .. ഞാൻ വേണമെങ്കി മൂക്കു കൊണ്ട് "ക്ഷ'' എന്നൊക്കെ എഴുതാം കേട്ടോ.. ഞാൻ നന്നായി ക്ഷ എഴുതും... എന്റെ ക്ഷ നിങ്ങൾ കണ്ടിട്ടില്ലല്ലോ .. "

"ഡാ ചെർക്ക... വേഷം കെട്ടെടുക്കാതെ പോയാ നിനക്ക് നിന്റെ തന്നെ നോക്കി വരക്കാം ... ഇല്ലെങ്കിലുണ്ടല്ലോ..."  ഒരുത്തൻ കൈ കൊണ്ട് ഞെരിക്കുന്ന ഒരു ആക്ഷൻ ഇട്ടു.

ഞാൻ വേഗം സ്കൂട്ടായി.

വൈകീട്ട് വീട്ടിൽ ചെന്നപ്പോ തന്നെ കടലാസും പേനയുമെടുത്ത് വര തുടങ്ങി. വരയോട് വര.. വര വരോ വര വര.  ബട്ട് ... എത്ര വരച്ചിട്ടും അത്ര പോരാ.. ഇന്നത്തെ പോലെ പ്രിസ്മ ഒക്കെ ഉണ്ടായിരുന്നെങ്കിൽ രണ്ട് മിനുട്ട് കൊണ്ട് തീരേണ്ട ടാസ്ക് ആണ്. ഇതിപ്പോ രണ്ട് മണിക്കൂറായി. അവസാനം ഒരു കണക്കിന് വരച്ചൊപ്പിച്ച് തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടി പോയി. എല്ലാം നോക്കി കൊണ്ട് അപ്പൻ പുറകിൽ വന്ന് നിക്കുന്നു. കടലാസു പിടിച്ച് വാങ്ങി.. തിരിച്ചും മറിച്ചും നോക്കി.

" ഇതെന്താടാ കാശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമോ ..?  ഇതൊന്നും ഈ വീട്ടിൽ സമ്മതിക്കാൻ പറ്റില്ല.. കാശ്മീർ ഇല്ലാതെ ഇന്ത്യ പൂർണമാകില്ല എന്നാണ് ജവഹർലാൽ നെഹ്രു പറഞ്ഞത്. "

കാശ്മീരില്ലാത്ത ഇന്ത്യയാണത്രേ.. ഞാനൊന്നു സൂക്ഷിച്ചു നോക്കി.. പുള്ളിയെ തെറ്റ് പറയാൻ പറ്റില്ല..
ഗുജറാത്ത്.. പശ്ചിമംഗാൾ...
പിന്നെ താഴേക്ക് കർണാടക, തമിഴ്നാട് ആഡ്രാ പ്രദേശ് ...കേരളം.. ഹൊ...! എന്ന്റെ ആത്മവിശ്വാസം അറബിക്കടലിൽ മുങ്ങി.

അപ്പനെ ഗെറ്റ് ഔട്ട് അടിച്ചു വാതിലടച്ച് വര വീണ്ടും തുടങ്ങി. കുറേ കഴിഞ്ഞപ്പോൾ വീട്ടിലെ സീനിയർ കോളേജ് കുമാരി ചേച്ചി Dyvia John Jose  രംഗപ്രവേശം ചെയ്തതോടെ അവശേഷിച്ച സ്വസ്ഥത കൂടി ഇല്ലാതായി. കോളേജിൽ പോയ വിശേഷങ്ങളറിയണമത്രേ. അവസാനം ഗത്യന്തരമില്ലാതെ കയ്യിലൊളിപ്പിച്ച കാശ്മീരില്ലാത്ത ഇന്ത്യയുടെ പടം ഇട്ടു കൊടുത്തു.

" ഇത്രേ ഒള്ളൂ പ്രശ്നം?"

ഒരു കടലാസും പേനയുമെടുത്ത് അവൾ വരച്ചു തുടങ്ങി. അഞ്ചു മിനിട്ടു കൊണ്ട് ലക്ഷണമൊത്ത "ഒരുത്തൻ " ദാ കിടക്കുന്നു പേപ്പറിൽ നീണ്ട് നിവർന്ന്.

എന്നാലും ഇവൾ എങ്ങനെ ഇത്ര കൃത്യമായി  ഇതൊക്കെ...

ഇപ്പോ ചോദിച്ചാ അവളു കടലാസു കീറും... നാളെ സീനിയർ ലവൻമാർ എന്റെ ചീട്ടും കീറും.

തൽക്കാലം സ്വന്തം കാര്യം നടക്കട്ടെ... എന്നിട്ട് പപ്പയോടും അമ്മച്ചിയോടും പറഞ്ഞ് കേസാക്കണം.

പിറ്റേ ദിവസം രാവിലെ കോളേജിൽ ചെന്നപ്പോ കണ്ടു ഗ്രൗണ്ടിൽ തന്നെ  ലവൻമാര് നിൽപ്പുണ്ട്. ഇവൻമാരൊക്കെ ഇന്നലെ ഈ ഗ്രൗണ്ടിൽ തന്നെ ആണാവോ കിടന്നത്.
കൂടുതൽ സമയം കളയാതെ പടമെടുത്ത് കയ്യിൽ കൊടുത്തു. എല്ലാവരും മാറി മാറി നോക്കി നെടുവീർപ്പിട്ടു.

"എല്ലാവർക്കും കണ്ട് തൃപ്തി ആയെങ്കി ഞാനങ്ങ് പൊയ്ക്കോട്ടെ സേട്ടൻമാരെ "

"അങ്ങനെ പോകാൻ വരട്ടെ. ഒരു കാര്യം കൂടിയുണ്ട്.. ദോ ... ദവിടെ നിക്കണ ചേച്ചിമാരേ കണ്ടോ..?"

മനസ്സിൽ ലഡു പൊട്ടി ... ഇന്നലെ അവിടെ പൊട്ടിച്ചിട്ട ഡി.വി.ഡി കളുടെ കഷണങ്ങളൊക്കെ തപ്പി പിടിച്ച് ഒട്ടിച്ച് വീണ്ടും പ്ലേ ബട്ടണിൽ ഞെക്കി. അല്ലെങ്കിലും ഈ സീനിയേഴ്സ് അത്ര ക്രൂരൻമാരൊന്നുമല്ല.

" ഈ പടം അവരെ കൊണ്ട് പോയി കാണിച്ചിട്ട് അവരുടെ ഒരു ഒപ്പും മേടിച്ചിട്ടു വാ.. എന്നിട്ട് ആലോചിക്കാം നിന്നെ വിടണോ വേണ്ടയോന്ന്."

ലഡുവും ഡിവിഡിയും വീണ്ടും പൊട്ടി തകർന്നു.

" അത് വേണോ സേട്ടാ..." ഞാൻ വിനയാന്വിത കുനിയനായി കെഞ്ചിനോക്കി.

ഉത്തരമായി ഞെരിക്കലിന്റെ ആക്ഷൻ വീണ്ടും .

ചമ്മി ചമ്മി  ചേച്ചിമാരുടെ അടുത്ത് ചെന്ന് പതുക്കെ പറഞ്ഞു.
" ആ ചേട്ടൻ മാര് പറഞ്ഞിട്ടാ... ഇതിലൊന്ന് ഒപ്പിട്ട് തരാമോ .."  ഒരു വിധം പറഞ്ഞ് ഒപ്പിച്ചൂ.

കൂട്ടത്തിൽ ഒരു ചേച്ചി, മലയാളിത്തം കൊറച്ച് കൂടുതലായത് കൊണ്ട് അത് തുളുമ്പി പോകാതെ പതുക്കെ പതുക്കെ വന്ന് പടം ഏറ്റ് വാങ്ങി. എല്ലാവരേം കാണിച്ചു. കൂട്ടച്ചിരി

നാണംകെട്ട് ചമ്മി തൊലിയുരിഞ്ഞ് ഞാൻ നിന്ന നിപ്പിൽ ഭൂമി പിളർന്ന് എന്നെ താഴേക്ക് കൊണ്ട് പോകണേ ഭൂമി ദേവീ ന്ന് പ്രാർത്ഥിച്ചു പോയി.  ക്രിസ്ത്യാനിയായ എന്റെ പ്രാർത്ഥന കേൾക്കണ്ട ബാധ്യത ഭൂമി ദേവിക്കില്ലാത്തത് കൊണ്ട് ഒന്നും സംഭവിച്ചില്ല. അല്ലെങ്കിൽ ഏതെങ്കിലും പെട്രോളിയം കമ്പനിക്കാരും ഖനനം ചെയ്തെടുക്കുന്നതും കാത്ത് ഞാൻ ഭൂഗർഭത്തിൽ കിടക്കേണ്ടി വന്നേനേ..

പടം മേടിച്ച ചേച്ചി പടത്തിൽ നോക്കീട്ട് പിന്നേം ആകെ മൊത്തം ഒരു നോട്ടം.. എന്നിട്ടൊരു ഡയലോഗ്:

" പടം അറ്റസ്റ്റ് ചെയ്തൊക്കെ തരാം പക്ഷേ....

... ഒറിജിനൽ കൊണ്ടു വന്നിട്ടുണ്ടോ "

പകച്ച് പണ്ടാരമടങ്ങിപ്പോയി എന്റെ കൗമാരം. 

ഇപ്രാവശ്യം ഭൂമിദേവിയോടു  ചോദിക്കാനൊന്നും നിന്നില്ല. സ്വയം ഭൂമി പിളർത്തി അതിലേക്ക് ചാടി  രക്ഷപെട്ടു.

                    - ഡാർവിനിസം
https://m.facebook.com/darvinisam/